വിവിധ തരം തഫ്സീറുകള്‍
10 November 2012
വിശുദ്ധ ഖുര്‍ആന്‍ പല കാലങ്ങളായി വിവിധ തഫ്സീറുകള്‍ രചിക്കപ്പെടുകയുണ്ടായി. കാഴ്ചപ്പാടുകളും സമീപനരീതികളും അവലംബമാക്കി തഫ്സീറുകളെ പണ്ഡിതര്‍ പല ശാഖകളായി തിരിച്ചിരിക്കുന്നു.
1. അത്തഫ്സീറുല്‍ മഅസൂര് (നിവേദനാത്മക തഫ്സീറുകള്‍)
ഖുര്‍ആന്‍ സൂക്തങ്ങളുടെ ചരിത്രപരവും ഭാഷാപരവും കര്‍മശാസ്ത്രപരവുമായ നിവേദനങ്ങളെ അധികരിച്ച് വിരചിതമായ തഫ്സീറുകള്‍. ചില സൂക്തങ്ങള്‍ മറ്റുചില സൂക്തങ്ങള്‍ക്ക് നല്കുന്ന വ്യാഖ്യാനം, ഹദീസ് നല്കുന്ന വ്യാഖ്യാനം, സ്വഹാബിമാരുടെ വ്യാഖ്യാനം, താബിഉകള്‍ നല്കുന്ന വ്യാഖ്യാനം എന്നിവയെല്ലാം ഇത്തരം തഫ്സീറുകളില്‍ കാണാം.
അബ്ബാസിയ്യ കാലത്തെ പ്രസിദ്ധ ചരിത്രകരാനയാ ത്വബരി രചിച്ച തഫ്സീറുല്‍ കബീര്‍ ആണ് ഇത്തരം തഫ്സീറുകളില്‍ ഏറ്റവും പ്രാമാണികമായിട്ടുള്ളത്. പില്ക്കാലത്ത് വിരചിതമായ പലതും ത്വബരിയെ അവലംബിച്ച് രചിക്കപ്പെട്ടവയാണ്. മുഹമ്മദ് അല്‍ ബഗവിയുടെ (മരണം.1122) മആലിമുത്തന്‍സീല്‍, ഇബ്നു കസീറിന്റെ (മരണം. 774)തഫ്സീറുല്‍ ഖുര്‍ആനില്‍ അദീം, ജലാലുദ്ദീന്‍ സ്വുയൂത്വിയുടെ (849-911)അദ്ദുര്റുല് മന്‍സൂര്‍ എന്നിവയാണ് ഈ ഇനത്തില്‍ പെട്ട പ്രധാനപ്പെട്ട തഫ്സീറുകള്‍.
2. അത്തഫ്സീറു ബിര്‍റഅ്യ് (ഗവേഷണാത്മക തഫ്സീറുകള്‍)
സ്വന്തം അഭിപ്രായങ്ങളും വീക്ഷണങ്ങളും പ്രകടിപ്പിക്കുകയും അവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇത്തരം തഫ്സീറുകളുടെത്. മറ്റുള്ളവരുടെ വീക്ഷണങ്ങളുടെ നിരൂപണങ്ങളും ഇത്തരം തഫ്സീറുകളില്‍ കാണാനാകും. ഇമാം റാസിയുടെ (544-606) മഫാതീഹുല്‍ ഗൈബ്, ഇമാം നൈസാബൂരിയുടെ (മരണം. 728) ഗറാഇബുല്‍ ഖുര്‍ആന്‍ എന്നിവ ഈ ശാഖയിലെ പ്രധാന രചനകളാണ്.
3. അത്തഫ്സീറുല്‍ ബയാനി (വിശകലനാത്മക തഫ്സീറുകള്‍)
ഭാഷാപരമായ അപഗ്രഥനം നടത്തുന്ന തഫ്സീറുകളാണിവ. പദങ്ങളുടെ നിഷ്പത്തി, പരിണാമം, അലങ്കാര ശാസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇത്തരം തഫ്സീറുകള്‍ പ്രാമുഖ്യം കൊടുക്കുന്നത്. ഇമാം സമഖ്ശരിയുടെ (467-538)അല്‍കശ്ശാഫ്, അബൂഹയ്യാനിയുടെ (654-745) അല്‍ബഹറുല്‍ മുഹീഥ്, നസഫിയുടെ (മരണം. 1310) മദാരിക്കുത്തഅവീല്, ബൈദാവിയുടെ (ക്രി.വ 1286)അന്‍വാറുത്തന്‍സീല്‍, ആഇശ ബിന്ത് ശാതിഇന്റെ അത്തഫ്സീറുല്‍ ബയാനി ലില്‍ ഖുര്‍ആനില്‍ കരീം എന്നിവ ഈ ഗണത്തില്‍ പെടും.
4. ഫിഖ്ഹു തഫ്സീറുകള്‍ (കര്മശാസ്ത്രപരം)
കര്‍മശാസ്ത്ര സംബന്ധിയായ ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്കുന്ന കൃതികളാണിവ. വ്യത്യസ്ത കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ അപഗ്രഥനം ചെയ്ത് ഗ്രന്ഥകാരന്റെ മദ്ഹബീന്റെ ന്യായവും പ്രസക്തിയും സ്ഥാപിക്കുകയെന്നതാണ് ഇത്തരം തഫ്സീറുകള്‍ നടത്തുന്ന ഇടപെടല്‍.
ഇമാം ഖുര്‍ത്വുബിയുടെ (മരണം. 671) അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്നുല്‍ അറബിയുടെ (മരണം. 541) അഹ്കാമുല്‍ ഖുര്‍ആന്‍ എന്നിവ മാലികീ മദഹ്ബിനെ പിന്തുടരുന്നു. ഇമാം ജസ്സ്വാസിന്റെ (305-370)അഹ്കാമുല്‍ ഖുര്‍ആന്‍ ഹനഫീമദഹബിനെയും ഇബ്നു ജൌസിയുടെ (മരണം.543) സാദുല്‍ മസീര് ഹന്പലി മദ്ഹബിനെയും അധികരിച്ച് വിരചിതമായവയാണ്.
5. സൂഫീ തഫ്സീറുകള്‍
ഇമാം തുസ്തരിയുടെ (മരണം. 986) തഫ്സീറുത്തുസ്തരി, അബൂ അബ്ദുര്‍ റഹ്മാന് അസ്സുല്ലമിയുടെ (936-1021) ഹഖാഇഖുത്തഫ്സീര്‍, ഇമാം ഖുശൈരിയുടെ (മരണം. 1072) ലത്വാഇഫുല്‍ ഇശാറ എന്നിവയാണ് സൂഫി ആശയങ്ങളില്‍ ഊന്നി നിന്നുകൊണ്ട് രചിക്കപ്പെട്ട പ്രമുഖ തഫ്സീറുകള്‍.
6. ശീഈ തഫ്സീറുകള്‍
അബൂജഅഫറുത്തൂസിയുടെ (മരണം. 1067)അത്തിബയാന്, അബൂഫദല് അത്തബര്സിയുടെ (മരണം. 1153)മജ്മഉല്‍ ബയാന്‍, ഫൈദുല്‍ കാശാനിയുടെ (മരണം.1117) അസ്സ്വാഫി, ശൌകാനിയുടെ ഫത്ഹുല്‍ ഖദീര്‍ എന്നിവ ഏറെ പ്രശസ്തമായ ശീഈ തഫ്സീറുകളാണ്.
7. ആധുനിക തഫ്സീറുകള്‍
സയ്യിദ് ഖുതുബിന്റെ ഫീ ദിലാലില്‍ ഖുര്‍ആന്‍, മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, റഷീദ് റിദയുടെ അല്‍മനാര്‍ തുടങ്ങിയവ ആധുനികമായ ചില തഫ്സീറുകളാണ്. അവയിലെ പല പ്രതിപാദ്യങ്ങളും അഭിപ്രായങ്ങളും അഹ്ലുസ്സുന്നത്തി വല്ജമാഅത്തിനോടും മുന്‍കാല തഫ്സീറുകളോടും കടകവിരുദ്ധമാണെങ്കിലും.
ഈ ഗണത്തില്‍ പെട്ട ചില തഫ്സീറുകള്‍ ഖുര്‍ആനിലെ വിവധ അധ്യായങ്ങള്‍ തമ്മിലുള്ള ബന്ധവും ആയത്തുകള്‍ തമ്മിലുള്ള ബന്ധവുമെല്ലാം വിശദീകരിക്കുന്നതിലും വിജയിക്കുന്നുണ്ട്. ഹമീദുദ്ദീന് ഫറാഹിയുടെ നിദാമുല്‍ ഖുര്‍ആന്‍ ഇവയില്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്.
ആധുനിക തഫ്സീറുകളുടെ ഗണത്തില്‍ ഖുര്‍ആനിലെ ശാസ്ത്രീയസൂചനകളെ പരാമര്‍ശിക്കുന്ന തഫ്സീറുകളും ലഭ്യമാണ്. ത്വന്‍ത്വാവിയുടെ ജവാഹിറുല്‍ ഖുര്‍ആന്‍ ഇത്തരത്തിലുള്ള ഒരു ഉദ്യമമാണ്.